Latest Updates

ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആര്‍ടിഇ) ബാധകമല്ലെന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്. 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമത്തിന്‍റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോയെന്ന് പരിശോധിക്കാന്‍ ജഡ്ജിമാരയ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യഭ്യാസ പ്രവര്‍ത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ചട്ടങ്ങള്‍ മറികടക്കാനുള്ള ഉപായമായി പലരും ഉപയോഗിക്കുന്നുവെന്നും കോടതി വിലയിരുത്തി. നിലവാരം ഉറപ്പാക്കാനുള്ളതാണ് ആര്‍ടിഇ ബില്ലെന്നും ഭരണഘടനയുടെ 30ാം അനുഛേദം പ്രകാരം സ്ഥാപിക്കുന്ന സ്‌കൂളുകളുടെ ന്യൂനപക്ഷ സ്വഭാവത്തില്‍ മാറ്റം വരുത്തില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിലവില്‍ സര്‍വീസിലുള്ള അധ്യാപകരും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) പാസാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോലിയില്‍ തുടരാനും സ്ഥാനക്കയറ്റത്തിനും പരീക്ഷ പാസായേ തീരൂവെന്ന് കോടതി വ്യക്തമാക്കി. വിരമിക്കാന്‍ അഞ്ചുവര്‍ഷം മാത്രം ബാക്കിയുള്ളവര്‍ക്ക് ഇളവുനല്‍കി. അഞ്ചുവര്‍ഷത്തില്‍ കൂടുതലുള്ളവര്‍ പരീക്ഷ പാസാകണം. അല്ലെങ്കില്‍ രാജി നല്‍കണം. ടെറ്റ് പരീക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാണോ എന്നതടക്കമുള്ള വിഷയമാണ്‌ വിശാല ബെഞ്ചിലേക്ക് വിടാന്‍ കോടതി തീരുമാനിച്ചത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് 2010ലാണ് ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയത്. സര്‍വീസിലുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ അന്‍ജുമന്‍ ഇഷാദ് ഇ-തലീം ട്രസ്റ്റിന്റേതുള്‍പ്പെടെ ആര്‍ടിഇ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. 2014ലെ പ്രമതി എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസിലാണ് സര്‍ക്കാര്‍ സഹായത്തോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ അവകാശം നിയമം ബാധകമല്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

Get Newsletter

Advertisement

PREVIOUS Choice